(80) അല്ലാഹു നിങ്ങള്‍ക്കു നിങ്ങളുടെ വീടുകളെ വിശ്രമസ്ഥാനമാക്കിയിരിക്കുന്നു. കാലികളുടെ തോലുകളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് പാര്‍പ്പിടങ്ങള്‍ നല്‍കിയിരിക്കുന്നു. നിങ്ങള്‍ യാത്ര ചെയ്യുന്ന ദിവസവും നിങ്ങള്‍ താവളമടിക്കുന്ന ദിവസവും നിങ്ങള്‍ അവ അനായാസം ഉപയോഗപ്പെടുത്തുന്നു. ചെമ്മരിയാടുകളുടെയും ഒട്ടകങ്ങളുടെയും കോലാടുകളുടെയും രോമങ്ങളില്‍ നിന്ന് ഒരു അവധി വരെ ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങളും ഉപഭോഗസാധനങ്ങളും (അവന്‍ നല്‍കിയിരിക്കുന്നു.)
(81) അല്ലാഹു താന്‍ സൃഷ്ടിച്ച വസ്തുക്കളില്‍ നിന്നു നിങ്ങള്‍ക്കു തണലുകളുണ്ടാക്കിത്തരികയും, നിങ്ങള്‍ക്ക് പര്‍വ്വതങ്ങളില്‍ അവന്‍ അഭയ കേന്ദ്രങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളെ ചൂടില്‍ നിന്നു കാത്തുരക്ഷിക്കുന്ന ഉടുപ്പുകളും, നിങ്ങള്‍ അന്യോന്യം നടത്തുന്ന ആക്രമണത്തില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും അവന്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. അപ്രകാരം അവന്‍റെ അനുഗ്രഹം അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരുന്നു; നിങ്ങള്‍ (അവന്ന്) കീഴ്പെടുന്നതിന് വേണ്ടി.
(82) ഇനി അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നിനക്കുള്ള ബാധ്യത (കാര്യങ്ങള്‍) വ്യക്തമാക്കുന്ന പ്രബോധനം മാത്രമാകുന്നു.
(83) അല്ലാഹുവിന്‍റെ അനുഗ്രഹം അവര്‍ മനസ്സിലാക്കുകയും, എന്നിട്ട് അതിനെ നിഷേധിക്കുകയുമാണ് ചെയ്യുന്നത്. അവ രില്‍ അധികപേരും നന്ദികെട്ടവരാകുന്നു.
(84) ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം എഴുന്നേല്‍പിക്കുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) പിന്നീട് സത്യനിഷേധികള്‍ക്കു (ഉരിയാടാന്‍) അനുവാദം നല്‍കപ്പെടുകയില്ല. പരിഹാരം ചെയ്യാന്‍ അവരോട് ആവശ്യപ്പെടുകയുമില്ല.
(85) അക്രമം പ്രവര്‍ത്തിച്ചവര്‍ ശിക്ഷ നേരിട്ട് കാണുമ്പോഴാകട്ടെ അത് അവര്‍ക്ക് ലഘൂകരിച്ച് കൊടുക്കപ്പെടുകയില്ല. അവര്‍ക്ക് ഇടനല്‍കപ്പെടുകയുമില്ല.
(86) (അല്ലാഹുവോട്) പങ്കുചേര്‍ത്തവര്‍ തങ്ങള്‍ പങ്കാളികളാക്കിയിരുന്നവരെ (പരലോകത്ത് വെച്ച്) കണ്ടാല്‍ ഇപ്രകാരം പറയും: ഞങ്ങളുടെ രക്ഷിതാവേ, നിനക്കു പുറമെ ഞങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന ഞങ്ങളുടെ പങ്കാളികളാണിവര്‍. അപ്പോള്‍ അവര്‍ (പങ്കാളികള്‍) അവര്‍ക്ക് നല്‍കുന്ന മറുപടി തീര്‍ച്ചയായും നിങ്ങള്‍ കള്ളം പറയുന്നവരാകുന്നു എന്ന വാക്കായിരിക്കും.
(87) ആ ദിവസം അവര്‍ അര്‍പ്പണം അല്ലാഹുവിന് നല്‍കുന്നതും അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നതെല്ലാം അവരെ വിട്ടുമാറിക്കളയുന്നതുമാണ്.