(103) ഒരു മനുഷ്യന് തന്നെയാണ് അദ്ദേഹത്തിന് (നബിക്ക്) പഠിപ്പിച്ചുകൊടുക്കുന്നത് എന്ന് അവര്‍ പറയുന്നുണ്ടെന്ന് തീര്‍ച്ചയായും നമുക്കറിയാം. അവര്‍ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത് ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു.
(104) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവരാരോ അവരെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്.
(105) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്. അവര്‍ തന്നെയാണ് വ്യാജവാദികള്‍.
(106) വിശ്വസിച്ചതിന് ശേഷം അല്ലാഹുവില്‍ അവിശ്വസിച്ചവരാരോ അവരുടെ -തങ്ങളുടെ ഹൃദയം വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും.
(107) അതെന്തുകൊണ്ടെന്നാല്‍ ഇഹലോകജീവിതത്തെ പരലോകത്തേക്കാള്‍ കൂടുതല്‍ അവര്‍ ഇഷ്ടപ്പെട്ടിരിക്കുന്നു. അല്ലാഹുവാകട്ടെ സത്യനിഷേധികളായ ആളുകളെ നേര്‍വഴിയിലാക്കുന്നതുമല്ല.
(108) ഹൃദയങ്ങള്‍ക്കും കേള്‍വിക്കും കാഴ്ചകള്‍ക്കും അല്ലാഹു മുദ്രവെച്ചിട്ടുള്ള ഒരു വിഭാഗമാകുന്നു അക്കൂട്ടര്‍. അക്കൂട്ടര്‍ തന്നെയാകുന്നു അശ്രദ്ധര്‍.
(109) ഒട്ടും സംശയമില്ല. അവര്‍ തന്നെയാണ് പരലോകത്ത് നഷ്ടക്കാര്‍.
(110) പിന്നെ, തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ സഹായം മര്‍ദ്ദനത്തിന് ഇരയായ ശേഷം സ്വദേശം വെടിഞ്ഞ് പോകുകയും, അനന്തരം സമരത്തില്‍ ഏര്‍പെടുകയും, ക്ഷമിക്കുകയും ചെയ്തവര്‍ക്കായിരിക്കും. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് അതിനു ശേഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.