(111) ഓരോ വ്യക്തിയും തന്റെ സ്വന്തം കാര്യത്തിനായി വാദിച്ച് കൊണ്ടുവരുന്ന, ഓരോ വ്യക്തിക്കും താന്‍ പ്രവര്‍ത്തിച്ചതെന്തോ അത് നിറവേറ്റികൊടുക്കപ്പെടുന്ന, അവര്‍ അനീതിക്ക് വിധേയരാകാത്ത ഒരു ദിവസത്തില്‍.
(112) അല്ലാഹു ഒരു രാജ്യത്തെ ഉപമയായി എടുത്തുകാണിക്കുകയാകുന്നു. അത് സുരക്ഷിതവും ശാന്തവുമായിരുന്നു. അതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തുനിന്നും സമൃദ്ധമായി അവിടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട് ആ രാജ്യം അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിച്ചു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നത് നിമിത്തം വിശപ്പിന്റെയും ഭയത്തിന്റെയും ഉടുപ്പ് അല്ലാഹു ആ രാജ്യത്തിന് അനുഭവിക്കുമാറാക്കി.
(113) അവരുടെ കൂട്ടത്തില്‍ പെട്ട ഒരു ദൂതന് അവരുടെ അടുത്ത് ചെല്ലുകയുണ്ടായിട്ടുണ്ട്. അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുതള്ളിക്കളഞ്ഞു. അങ്ങനെ അവര്‍ അക്രമകാരികളായിരിക്കെ ശിക്ഷ അവരെ പിടികൂടി.
(114) ആകയാല്‍ അല്ലാഹു നിങ്ങള്‍ക്ക് നല്കിയിട്ടുള്ളതില് നിന്ന് അനുവദനീയവും വിശിഷ്ടവുമായിട്ടുള്ളത് നിങ്ങള്‍ തിന്നുകൊള്ളുക. അല്ലാഹുവിന്റെ അനുഗ്രഹത്തിന് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.
(115) ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന് (അല്ലാഹു) നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയിട്ടുള്ളൂ. വല്ലവനും (ഇവ ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം, അവന് അതിന് ആഗ്രഹം കാണിക്കുന്നവനോ അതിരുവിട്ട് തിന്നുന്നവനോ അല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(116) നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ്. എന്നിങ്ങനെ കള്ളം പറയരുത്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്റെ ഫലം) അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച.
(117) തുച്ഛമായ സുഖാനുഭവമാണ് (ഇപ്പോള്‍ അവര്‍ക്കുള്ളത്.) അവര്‍ക്ക് (വരാനുള്ളതാകട്ടെ) വേദനയേറിയ ശിക്ഷയും.
(118) മുമ്പ് നാം നിനക്ക് വിവരിച്ചുതന്നവ ജൂതന്മാരുടെ മേല്‍ നാം നിഷിദ്ധമാക്കുകയുണ്ടായി. നാം അവരോട് അനീതി ചെയ്തിട്ടില്ല. പക്ഷെ, അവര്‍ അവരോട് തന്നെ അനീതി ചെയ്യുകയായിരുന്നു.