(88) അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ആളുകളെ) തടയുകയും ചെയ്തവരാരോ അവര്‍ക്ക് നാം ശിക്ഷയ്ക്കുമേല്‍ ശിക്ഷ കൂട്ടികൊടുക്കുന്നതാണ്. അവര്‍ കുഴപ്പം സൃഷ്ടിച്ച് കൊണ്ടിരുന്നതിന്റെ ഫലമത്രെ അത്.
(89) ഓരോ സമുദായത്തിലും അവരുടെ കാര്യത്തിന്ന് സാക്ഷിയായിക്കൊണ്ട് അവരില്‍ നിന്ന് തന്നെയുള്ള ഒരാളെ നാം നിയോഗിക്കുകയും, ഇക്കൂട്ടരുടെ കാര്യത്തിന് സാക്ഷിയായിക്കൊണ്ട് നിന്നെ നാം കൊണ്ട് വരികയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.) എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാര്‍ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്.
(90) തീര്‍ച്ചയായും അല്ലാഹു കല്പിക്കുന്നത് നീതി പാലിക്കുവാനും നന്മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്കുവാനുമാണ് . അവന് വിലക്കുന്നത് നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന് നിങ്ങള്‍ക്കു ഉപദേശം നല്കുന്നു.
(91) നിങ്ങള്‍ കരാര്‍ ചെയ്യുന്ന പക്ഷം അല്ലാഹുവിന്റെ കരാര്‍ നിങ്ങള്‍ നിറവേറ്റുക. അല്ലാഹുവെ നിങ്ങളുടെ ജാമ്യക്കാരനാക്കിക്കൊണ്ട് നിങ്ങള്‍ ഉറപ്പിച്ചു സത്യം ചെയ്തശേഷം അത് ലംഘിക്കരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് അറിയുന്നു.
(92) ഉറപ്പോടെ നൂല് നൂറ്റ ശേഷം തന്റെ നൂല് പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്. ഒരു ജനസമൂഹം മറ്റൊരു ജനസമൂഹത്തേക്കാള്‍ എണ്ണപ്പെരുപ്പമുള്ളതാകുന്നതിന്റെ പേരില്‍ നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാര്‍ഗമാക്കിക്കളയുന്നു. അതു മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. നിങ്ങള്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നവരായിരിക്കുന്നുവോ ആ കാര്യം ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ അവന് നിങ്ങള്‍ക്കു വ്യക്തമാക്കിത്തരിക തന്നെ ചെയ്യും.
(93) അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ അവന് ഏകസമുദായമാക്കുമായിരുന്നു. എന്നാല്‍ താന്‍ ഉദ്ദേശിക്കുന്നവരെ അവന് ദുര്‍മാര്‍ഗത്തിലാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ അവന് നേര്‍വഴിയിലാക്കുകയും ചെയ്യും. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.