(27) പിന്നെ ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ അവന് അവര്‍ക്ക് അപമാനം വരുത്തുന്നതാണ്. എനിക്ക് പങ്കുകാരുണ്ടെന്ന് വാദിച്ച് കൊണ്ടായിരുന്നല്ലോ നിങ്ങള്‍ ചേരി പിരിഞ്ഞ് നിന്നിരുന്നത് അവര്‍ എവിടെ? എന്ന് അവന് ചോദിക്കുകയും ചെയ്യും. അറിവ് നല്കപ്പെട്ടവര് പറയും: ഇന്ന് അപമാനവും ശിക്ഷയും സത്യനിഷേധികള്‍ക്കാകുന്നു; തീര്‍ച്ച.
(28) അതായത് അവരവര്‍ക്കു തന്നെ ദ്രോഹം ചെയ്തുകൊണ്ടിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്. ഞങ്ങള്‍ യാതൊരു തിന്മയും ചെയ്തിരുന്നില്ല എന്ന് പറഞ്ഞ് കൊണ്ട് അന്നേരം അവര്‍ കീഴ്വണക്കത്തിന് സന്നദ്ധത പ്രകടിപ്പിക്കും അങ്ങനെയല്ല, തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.
(29) അതിനാല്‍ നരകത്തിന്റെ കവാടങ്ങളിലൂടെ നിങ്ങള്‍ കടന്ന് കൊള്ളുക. (നിങ്ങള്‍) അതില്‍ നിത്യവാസികളായിരിക്കും. അപ്പോള്‍ അഹങ്കാരികളുടെ വാസസ്ഥലം മോശം തന്നെ!
(30) നിങ്ങളുടെ രക്ഷിതാവ് എന്താണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് സൂക്ഷ്മത പാലിച്ചവരോട് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: ഉത്തമമായത് തന്നെ. നല്ലത് ചെയ്തവര്‍ക്ക് ഈ ദുന്‍യാവില്‍തന്നെ നല്ല ഫലമുണ്ട്. പരലോകഭവനമാകട്ടെ കൂടുതല്‍ ഉത്തമമാകുന്നു. സൂക്ഷ്മത പാലിക്കുന്നവര്‍ക്കുള്ള ഭവനം എത്രയോ നല്ലത്!
(31) അതെ, അവര്‍ പ്രവേശിക്കുന്ന സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവയുടെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്നതെന്തും അതില്‍ ഉണ്ടായിരിക്കും. അപ്രകാരമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നത്.
(32) അതായത്, നല്ലവരായിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്. അവര്‍ (മലക്കുകള്‍) പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക.
(33) തങ്ങളുടെ അടുക്കല്‍ മലക്കുകള്‍ വരുന്നതോ, നിന്റെ രക്ഷിതാവിന്റെ കല്പന വരുന്നതോ അല്ലാതെ (മറ്റുവല്ലതും) അവര്‍ കാത്തിരിക്കുന്നുവോ ? അപ്രകാരം തന്നെയാണ് അവര്‍ക്ക് മുമ്പുള്ളവരും ചെയ്തത്. അല്ലാഹു അവരോട് അക്രമം ചെയ്തിട്ടില്ല. പക്ഷെ, അവര്‍ അവരോട് തന്നെ അക്രമം ചെയ്യുകയായിരുന്നു.
(34) അങ്ങനെ അവര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലങ്ങള്‍ അവരെ ബാധിക്കുകയും, അവര്‍ ഏതൊന്നിനെപ്പറ്റി പരിഹസിച്ചിരുന്നുവോ അത് അവരെ വലയം ചെയ്യുകയും ചെയ്തു.