(7) ശാരീരിക ക്ലേശത്തോട് കൂടിയല്ലാതെ നിങ്ങള്‍ക്ക് ചെന്നെത്താനാകാത്ത നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങള്‍ വഹിച്ച് കൊണ്ട് പോകുകയും ചെയ്യുന്നു. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.
(8) കുതിരകളെയും കോവര്‍കഴുതകളെയും, കഴുതകളെയും (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അവയെ നിങ്ങള്‍ക്ക് വാഹനമായി ഉപയോഗിക്കുവാനും, അലങ്കാരത്തിന് വേണ്ടിയും. നിങ്ങള്‍ക്ക് അറിവില്ലാത്തതും അവന്‍ സൃഷ്ടിക്കുന്നു.
(9) അല്ലാഹുവിന്‍റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം (കാണിച്ചുതരിക) എന്നത്. അവയുടെ (മാര്‍ഗങ്ങളുടെ) കൂട്ടത്തില്‍ പിഴച്ചവയുമുണ്ട്. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.
(10) അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നത്. അതില്‍ നിന്നാണ് നിങ്ങളുടെ കുടിനീര്. അതില്‍ നിന്നുതന്നെയാണ് നിങ്ങള്‍ (കാലികളെ) മേക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്.
(11) അത് (വെള്ളം) മൂലം ധാന്യവിളകളും, ഒലീവും, ഈന്തപ്പനയും, മുന്തിരികളും നിങ്ങള്‍ക്ക് മുളപ്പിച്ച് തരുന്നു. എല്ലാതരം ഫലവര്‍ഗങ്ങളും (അവന്‍ ഉല്‍പാദിപ്പിച്ച് തരുന്നു.) ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.
(12) രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്‍റെ കല്‍പനയാല്‍ വിധേയമാക്കപ്പെട്ടത് തന്നെ. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
(13) നിങ്ങള്‍ക്ക് വേണ്ടി ഭൂമിയില്‍ വ്യത്യസ്ത വര്‍ണങ്ങളില്‍ അവന്‍ സൃഷ്ടിച്ചുണ്ടാക്കിതന്നിട്ടുള്ളവയും (അവന്‍റെ കല്‍പനയ്ക്ക് വിധേയം തന്നെ.) ആലോചിച്ച് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
(14) നിങ്ങള്‍ക്ക് പുതുമാംസം എടുത്ത് തിന്നുവാനും നിങ്ങള്‍ക്ക് അണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുവാനും പാകത്തില്‍ കടലിനെ വിധേയമാക്കിയവനും അവന്‍ തന്നെ. കപ്പലുകള്‍ അതിലൂടെ വെള്ളം പിളര്‍ന്ന് മാറ്റിക്കൊണ്ട് ഓടുന്നതും നിനക്ക് കാണാം. അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടുവാനും നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടിയാണ്. (അവനത് നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നത്.)