(55) നാം അവര്‍ക്ക് നല്കിയിട്ടുള്ളതില് അങ്ങനെ അവര്‍ നന്ദികേട് കാണിക്കുന്നു. നിങ്ങള്‍ സുഖിച്ച് കൊള്ളുക. എന്നാല്‍ വഴിയെ നിങ്ങള്‍ക്കറിയാം.
(56) നാം അവര്‍ക്ക് നല്കിയിട്ടുള്ളതില് നിന്ന് ഒരു ഓഹരി, അവര്‍ക്ക് തന്നെ ശരിയായ അറിവില്ലാത്ത ചിലതിന് (വ്യാജദൈവങ്ങള്‍ക്ക്) അവര്‍ നിശ്ചയിച്ച് വെക്കുന്നു. അല്ലാഹുവെതന്നെയാണ, നിങ്ങള്‍ കെട്ടിച്ചമയ്ക്കുന്നതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാണ്.
(57) അല്ലാഹുവിന് അവര്‍ പെണ്മക്കളെ സ്ഥാപിക്കുന്നു. അവന് എത്രയോ പരിശുദ്ധന്. അവര്‍ക്കാകട്ടെ അവര്‍ ഇഷ്ടപ്പെടുന്നതും (ആണ്മക്കള്)
(58) അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്കപ്പെട്ടാല് കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു.
(59) അവന്ന് സന്തോഷവാര്‍ത്ത നല്കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന് ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!
(60) പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കാകുന്നു ഹീനമായ അവസ്ഥ. അല്ലാഹുവിന്നാകുന്നു അത്യുന്നതമായ അവസ്ഥ. അവന് പ്രതാപിയും യുക്തിമാനുമാകുന്നു.
(61) അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം (ഉടനടി) പിടികൂടിയിരുന്നെങ്കില്‍ ഭൂമുഖത്ത് യാതൊരു ജന്തുവെയും അവന് വിട്ടേക്കുമായിരുന്നില്ല. എന്നാല്‍ നിര്‍ണിതമായ ഒരു അവധി വരെ അവന് അവര്‍ക്ക് സമയം നീട്ടികൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുടെ അവധി വന്നാല്‍ ഒരു നാഴിക നേരം പോലും അവര്‍ക്ക് വൈകിക്കാന്‍ ആവുകയില്ല. അവര്‍ക്കത് നേരെത്തെയാക്കാനും കഴിയില്ല.
(62) അവര്‍ക്ക് ഇഷ്ടമില്ലാത്തതിനെ അവര്‍ അല്ലാഹുവിന് നിശ്ചയിക്കുന്നു. ഏറ്റവും ഉത്തമായിട്ടുള്ളതെന്തോ അത് തങ്ങള്‍ക്കുള്ളതാണെന്ന് അവരുടെ നാവുകള്‍ വ്യാജവര്‍ണന നടത്തുകയും ചെയ്യുന്നു. ഒട്ടും സംശയമില്ല. അവര്‍ക്കുള്ളത് നരകം തന്നെയാണ്. അവര്‍ (അങ്ങോട്ട്) മുമ്പില്‍ നയിക്കപ്പെടുന്നതാണ്.
(63) അല്ലാഹുവെ തന്നെയാണ, താങ്കള്‍ക്ക് മുമ്പ് പല സമുദായങ്ങളിലേക്കും നാം ദൂതന്മാരെ അയച്ചിട്ടുണ്ട്. എന്നാല്‍ പിശാച് അവര്‍ക്ക് അവരുടെ (ദുഷ്) പ്രവര്‍ത്തനങ്ങള്‍ അലങ്കാരമായി തോന്നിക്കുകയാണ് ചെയ്തത്. അങ്ങനെ അവനാണ് ഇന്ന് അവരുടെ മിത്രം. അവര്‍ക്കുള്ളതാകട്ടെ വേദനാജനകമായ ശിക്ഷയാണ് താനും.
(64) അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവോ, അതവര്‍ക്ക് വ്യക്തമാക്കികൊടുക്കുവാന്‍ വേണ്ടിയും, വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്.